Sunday, May 26, 2013

                  ലളിതഗാനം 

മകരനിലാവിൻ കുളിരിൽ
മകരന്ദം നുനയുന്നു പ്രകൃതി          (മകര)
ദിനമലർ പൊൻദലം പൊഴിയെ
തരളിതമാകും പ്രതീചി
കരിമാൻ മിഴിതൻ കതകു തുറന്നു
കളിമുറ്റത്തമ്പിളി നിന്നു                     (മകര)
അനുദിനം വിടരും കമലം
അനുരാഗം തുടികൊട്ടും നേരം
കുളിർതെന്നൽ മലരമ്പനെവിടെ ? നീ-
ഒളിയമ്പെയ്യുവതാരെ ?                       (മകര)

പനിമതീ മറയരുതിനിയും
ഗഗനത്തിൻ കരൾ പിടയുന്നല്ലോ
ഒരുമോഹം, തളിർചുണ്ടിൽ നുണയാൻ
തരുമോ നീ പാൽകുടമിനിയും         (മകര)


=====================================

Wednesday, May 8, 2013

                       കിനാവ്

ഒത്തിരി മുത്തും പവിഴവുമുണ്ടല്ലോ
കൊർക്കുവാനെൻ മന:ചെപ്പിനുള്ളിൽ
പഞ്ഞിനൂലും പോരാ, വെള്ളിനൂലും പോരാ,
പോന്നുനൂൽ തന്നെയാണെൻ മനസ്സിൽ.
എവിടെയുണ്ടിത്തിരി പോന്നുനൂൽ കോർക്കുവാൻ?
തിരയുന്നു ഞാൻ സദാ എൻ കിനാവിൽ
മദ്ധ്യപുരുഷായുസ്സും കടന്നുപോ-
യെൻ കിനാവള്ളി കരിഞ്ഞു പോയി
ഇന്നു ഞാൻ കാണുന്നു സായാഹ്നസൂര്യൻറെ
പോന്നുനൂൽ മുറ്റത്തു നീട്ടിനിൽപ്പൂ
എത്തിപ്പിടിക്കുവാനാശിച്ചുവെങ്കിലും
സത്യമെനിക്കിന്നു ശേഷിയില്ല.

=============================================

അന്തരങ്ങൾ - കവിത

                           അന്തരങ്ങൾ പട്ടിണി  മാറ്റുവാൻ  മൂവന്തി  മല്ലിട്ടു -
പട്ടണം വിട്ടു തിരിച്ചുവരുന്നു ഞാൻ
വീഥി വിളക്കുകൾ മിന്നിതെളിയവെ 
കൂരിരുളെങ്ങോ മറഞ്ഞുപോയ് സത്വരം 
അട്ടഹാസങ്ങളും പൊട്ടിത്തെറികളും 
കേട്ടുതുടങ്ങിയാ ചെറ്റപ്പുരകളിൽ
വേദന തിന്നുവാൻ മാത്രം ജനിച്ചുള്ള 
വീട്ടമ്മമാർ കയർത്തീടുന്നതെന്തിനോ.
പുഞ്ചിരിയില്ലാത്തൊരാക്കൊച്ചു കൂരകൾ 
പട്ടിണിപ്പാടിന്നധിവാസ കേന്ദ്രമാം!
പട്ടണവീഥിയിൽ സൗധങ്ങളിൽ സദാ
മാനുഷർ ആർത്തുല്ലസിക്കുന്നതെപ്പോഴും !
ഉന്മദം ! തുള്ളിടുമാമേടകളിലോ
പൂക്കുന്നു കായ്ക്കുന്നു ജീവിതം മേൽക്കുമേൽ
എന്തൊരു വൈവിദ്ധ്യമെന്തൊരു വൈരുദ്ധ്യ-
മെന്തിദമെന്നു ശമിക്കുമീഭൂതലേ!     

================================================


Monday, December 20, 2010

" മാഞ്ചുവട്ടില്‍.... "

ഓര്‍മ്മതന്‍ തിരശ്ശീല നീക്കിയെന്നാല്‍
കാണാം മധുരമാണെന്‍ ചെറുപ്പം.
ചിരിയും കളിയും കരച്ചിലും ചേ-
ര്‍ന്നിട കലര്‍ന്നുള്ളൊരുകാലഘട്ടം.

തണല്‍ വീണുറങ്ങുമീ മാഞ്ചുവട്ടില്‍
മണല്‍ വാരി നെയ്യപ്പം ചുട്ടൊരോര്‍മ്മ
കള്ളനും പോലീസുമായ് കളിച്ചി-
ട്ടെപ്പോഴും കൊള്ളുന്നു തല്ലുമാത്രം.
തൂങ്ങിക്കിടക്കുന്ന കണ്ണിമാങ്ങ
ഉന്നം പിഴക്കാതെറിഞ്ഞു വീഴ്ത്തി,
കൂട്ടുകാര്‍ പങ്കിട്ടു തിന്നകാലം -
മോര്‍ക്കുകില്‍ നാവിലെ വെള്ളമൂറും .
ശിഖിരത്തിലൂഞ്ഞാലുകെട്ടിയാടി,
ഉയരത്തില്‍ പൊങ്ങുന്ന കാഴ്ച കാണ്മാന്‍
ഒരുപാടു പൈതങ്ങളൊത്തുകൂടി
ഒരു വട്ടമാടുവാന്‍ മത്സരിക്കും.
അതുകണ്ടുതാഴത്തിറങ്ങി വന്നി-
ട്ടവരുടെയൂഴമൊന്നാസ്വദിക്കും.

പൊതിയിട്ട പുസ്തകക്കെട്ടുമായി
കതിരിട്ടപാടവരമ്പിലൂടെ
കലപില കൂട്ടി നടന്നുപോകും
വഴിയില്‍ വെച്ചടിപിടികൂടിനില്‍ക്കും.
മണിയടിച്ചെപ്പൊഴും വൈകിയെത്തും
പതിവായി ചൂരല്‍ കഷായമുണ്ടാം.  
തിരികെ വരുമ്പോള്‍ തെളിനീരൊഴുകും
തോട്ടില്‍ കുളിച്ചു നനഞ്ഞു വന്നാല്‍
വീട്ടില്‍വടിയുമായ് നില്‍ക്കുമമ്മ
ചുട്ടടി രണ്ടെണ്ണമേറ്റുവാങ്ങും .
മോന്താന്‍ പഴങ്കഞ്ഞി വെള്ളമുണ്ടാ -
മോടണം പിന്നീടു മീനുവാങ്ങാന്‍ .

മണ്ണെണ്ണക്കുപ്പിവിളക്കു വെച്ചി-
ട്ടിത്തിരി വെട്ടത്തില്‍ പുസ്തകത്താള്‍-
നോക്കിപ്പഠിക്കയാണെന്ന ഭാവം-
തോന്നിച്ചു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും !
വൈകാതെ ചായും വെറും നിലത്തെ-
'ചാണം' മെഴുകിയ മെത്തമേലും
പാഠങ്ങള്‍ ചൊല്ലിപ്പഠിക്കും ശബ്ദം-
കേള്‍ക്കാത്ത നേരം വിളിക്കുമമ്മ
ഞെട്ടിപ്പിടഞെഴുന്നേല്‍ക്കുമപ്പോള്‍
കേള്‍പ്പിക്കും മുമ്പെപഠിച്ചപാഠം.
ഇങ്ങനെ കാലം കഴിഞ്ഞുപോയി
മങ്ങിയ ബോധം തെളിഞ്ഞുവന്നു.
പിന്നിയ കുപ്പായം തുന്നിയിട്ടും
മുന്നെ പഠിച്ചവര്‍ തന്ന ബുക്കും
നന്നായ് മെനക്കിട്ടു ഹൃദ്യമാക്കി-
യോരോ പടികളും കേറിമേലെ !
ഓണം, വിഷുവും കടന്നുവന്നാല്‍
കൈത്തറിക്കുപ്പായമൊന്നുകിട്ടാന്‍
ആശിച്ചുമോഹിച്ചു നിന്നകാലം,
ആനന്ദപൂര്‍ണ്ണമാം നല്ലകാലം !

'കുട്ടിയും കോലും', തലപ്പന്തുമായ്
ആര്‍ത്തുവിളിച്ചു കളിച്ചകാലം
ഞെട്ടറ്റുവീഴും പഴുത്തമാങ്ങ
ഒറ്റക്കു കിട്ടുവാന്‍ മത്സരിക്കും
ഇന്നില്ലിതിന്‍ നാലയലത്തുപോലും 
വന്നു കളിക്കുവാന്‍ ബാലകന്മാര്‍.
കൈകോര്‍ത്തു സൊറപറഞ്ഞൊത്തുകൂടും
കല്‍ത്തറയിന്നൊരു ശൂന്യവേദി.
വേണ്ടവര്‍ക്കാര്‍ക്കുമീ സൌഹൃദങ്ങള്‍
കാണാന്‍ പഴഞ്ചനായ് ഗ്രാമഭംഗി.

എല്ലാം തികഞ്ഞിട്ടീ മാഞ്ചുവട്ടില്‍
സായാഹ്നമായ് വെയില്‍ചാഞ്ഞനേരം
കാണാന്‍ കിനാവുകള്‍ വേണ്ടവേറെ-
യുണ്ടെന്‍ ഗതകാല കൌതുകങ്ങള്‍ !
-------------------------------------------------------------
1. ചാണം - ചാണകം
2. ഒറ്റക്കു - തനിച്ച്
3. കുട്ടിയും കോലും , തലപ്പന്ത് - പഴയകാല കളികള്‍

Thursday, December 16, 2010

മുത്തിയമ്മയുടെ പത്തിരി -( ഒരു ടങ്ങ് ട്വിസ്റ്റര്‍ കവിത)

മുത്തിയമ്മയൊരൊത്തിരി നേരം -
തത്രപ്പെട്ടു മൊരിച്ചൊരു പത്തിരി -
യിത്തിരിനേരം മുറ്റത്തെത്തിത്തത്തി നടന്നൊരു കാകന്‍ ,
കൊത്തിക്കൊത്തി മുറത്തില്‍ കേറി ക്കൊത്തി-
വലിച്ചു പറന്നിട്ടിത്തിരി ദൂരെ കാണുന്നത്തി-
മരത്തില്‍ പൊത്തിലൊളിപ്പിച്ചെത്തി ശരം പോല്‍ -
വീണ്ടും പത്തിരി കൊത്തിയെടുക്കാനാഞ്ഞു കൊതിച്ചി,
മുറ്റത്തറ്റത്തുള്ള വെയില്‍ കാഞ്ഞെത്തിയ
മുത്തശ്ശന്നു കൊടുക്കാന്‍ പത്തിരി കാണാ-
ഞ്ഞക്കിടി പറ്റിയതെങ്ങനെയെന്നറി-
യാഞ്ഞു വലഞ്ഞൊരു മുത്തിയടുക്കളവാതില്‍ക്കലെത്തി.
മുറത്തില്‍ നിറയെ പത്തിരിയുണ്ടാമെന്നു നിനച്ച-
കിടാത്തി പതുക്കെയെത്തി വലിഞ്ഞു ചികഞ്ഞൊരുനേരം,
ചട്ടുകമൊന്നു വലം കയ്യിലെടുത്താഞ്ഞുകൊടുത്തൊരു 
ചുട്ടടി കിട്ടിയപാടെ കരഞ്ഞുവിളിച്ചവളാഞ്ഞു-
പറന്നായത്തിമരത്തിന്‍ പൊത്തില്‍ കയ്യിട്ടെ-
ത്രയുമുടനെ പത്തിരിതിന്നാനാശപെരുത്തി-
ട്ടുറ്റിവരുന്നുമിനീരു കുടിച്ചവളൊട്ടൊരുനേരം-
തപ്പിത്തപ്പി കിട്ടാഞ്ഞാക്രാന്തത്തില്‍ പൊത്തിലിറങ്ങി-
യെടുക്കാന്‍ നോക്കിയനേരം, തക്കംപാര്‍ത്താ-
പൊത്തിലൊളിച്ചൊരു നാഗം കൊത്താനാഞ്ഞതു-
കണ്ടവള്‍ ഞെട്ടിയകന്നു പറന്നുയരുന്നു.
  

Monday, December 13, 2010

"പറശ്ശിനി മുത്തപ്പാ ശരണം "

പറച്ചീങ്ങാ കടവില്‍ പള്ളി കൊള്ളും -
മുത്തപ്പാ , ശരണം ജഗദീശ്വരാ !
പതിതരാം ഞങ്ങള്‍ തിരുമുറ്റത്തെത്തി
പ്രണമിച്ചിടുന്നിതാ നിന്‍റെ മുന്നില്‍ .
കനിവിന്നുറവിടം നീ തന്നെയല്ലോ
കരകേറ്റിടൂ ഞങ്ങള്‍ തന്‍ നരകജന്മം.
ഒരുപാടുകാലം നിന്‍ സങ്കീര്‍ത്തനം
ഉരുക്കഴിച്ചീടുന്ന ഭക്തര്‍ ഞങ്ങള്‍.
ഉലകിന്‍റെ നാഥാ തവപദചരണം-
ശരണം , മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നേന്‍ !
ശതകോടിഭക്തര്‍ കൈകൂപ്പിയെത്തി
ഗതകാലതെറ്റുകള്‍ ഏറ്റുപാടി
മുക്തിക്കു യാചിച്ചിടുമ്പോഴെല്ലാം
വറ്റാക്കനിവിന്‍റെ പാനപാത്രം
മുന്നില്‍ നിറച്ചെത്തിയൂട്ടിടുമ്പോള്‍
മനതാരില്‍ കാണ്മത് തിരുവെള്ളാട്ടം!

മാമല താണ്ടിയൊഴുകിയെത്തും
വളര്‍പത്തനം പുഴയിലെയോളങ്ങളും
ഈ തിരുസന്നിധി പൂകിയിട്ടേ-
യഴിമുഖത്തെത്തി ലയിക്കയുള്ളൂ .
കാലും മുഖവും കഴുകി മുന്നില്‍
കൈകൂപ്പിയെത്തുന്ന ഭക്തരെല്ലാം
കാണിക്കയര്‍പ്പിച്ചു ദര്‍ശനം ചെ-
യ്താനന്ദബാഷ്പം പൊഴിച്ചിടുന്നു.
വിളിച്ചാല്‍ വിളിപ്പുറത്തുള്ള നാഥാ
വരും കാലജീവിതം ധന്യമാക്കാന്‍
തെളിച്ചിടൂ നേര്‍വഴി സഞ്ചരിക്കാന്‍
സ്മരിച്ചിടുമെപ്പൊഴും നിന്‍റെ നാമം !
--------------------------------------------------------

പറച്ചീങ്ങാക്കടവ്  = പറശ്ശിനിക്കടവ്
വളര്‍പത്തനം        = വളപട്ടണം