" ലോകാ സമസ്താ സുഖിനോഭവന്തു"
പാടി നടന്നയീ പുണ്യ നാട്ടില്‍
നിഷ്പക്ഷ സാരഥ്യം വെട്ടിമാറ്റി -
ചെകുത്താന്‍ വിളയാടും കാലമിത് .
ലോകമേ തറവാടായ് കണ്ടനാട്ടില്‍
മാനുഷര്‍ സന്തുഷ്ടരായ് വാണനാട്ടില്‍
കള്ളവും ചതിയുമേയുള്ളൂ നീളെ
എള്ളോളമില്ലെങ്ങും സത്യവാന്മാര്‍.നീതിയും ധര്‍മ്മവും പോയ് മറഞ്ഞു
നിത്യവും കേള്‍ക്കുന്നു നന്മച്യുതി !
എത്തിയീ നാട്ടില്‍ കറുത്തകൈകള്‍-
' ലോകപോലീസി'ന്‍റെ ആണവക്കൈ !
നോക്കാതെ കയ്യൊപ്പ് ചാര്‍ത്തിവാങ്ങാന്‍-
ലാക്കാക്കുന്നിന്ത്യതന്‍ ധനസമൃദ്ധി !
നെട്ടോട്ടമോടുന്നു ധനികവര്‍ഗ്ഗം ,
കിട്ടുന്നതത്രയും കൈക്കലാക്കാന്‍ .
ഒറ്റിക്കൊടുക്കുന്നു നേതാക്കന്മാര്‍
സമ്പന്നസംസ്കാര പൈതൃകങ്ങള്‍ !
പുത്തന്‍ പരിഷ്കാരം നല്ലതാവാം ,
പട്ടിണി മാറ്റുവാന്‍ പറ്റുമെങ്കില്‍ !
കേള്‍ക്കുന്ന വാഗ്ദാന 'ചില്ലുമേട'
പൊട്ടിത്തകരാതിരിക്കയില്ല.
കോള്‍മയിര്‍ കൊള്ളും ദരിദ്രവര്‍ഗ്ഗം
വൈകാതെ കേള്‍ക്കും നെടുവീര്‍പ്പുകള്‍ !
വെട്ടിമാറ്റീടും സഹായഹസ്തം
വെട്ടിലാകുന്നതീ യടിസ്ഥാനവര്‍ഗ്ഗം !
അജ്ഞാതമല്ലീ നീരാളിഹസ്തം
അധിനിവേശത്തിന്‍റെ പൊയ്മുഖങ്ങള്‍ !
കള്ളരാഷ്ടീയ മുഖം മൂടികള്‍ -
ക്കുള്ളിലെ ദംഷ്ട്രങ്ങള്‍ കാണ്‍മതിന്നായ്
മോഹവലയങ്ങള്‍ പിഴുതുമാറ്റി -
യണിചേര്‍ന്ന് നീങ്ങൂ സമരമുഖം !
-----------------------------------------------------