ഓര്‍മ്മതന്‍ തിരശ്ശീല നീക്കിയെന്നാല്‍
കാണാം മധുരമാണെന്‍ ചെറുപ്പം.
ചിരിയും കളിയും കരച്ചിലും ചേ-
ര്‍ന്നിട കലര്‍ന്നുള്ളൊരുകാലഘട്ടം.
തണല്‍ വീണുറങ്ങുമീ മാഞ്ചുവട്ടില്‍
മണല്‍ വാരി നെയ്യപ്പം ചുട്ടൊരോര്‍മ്മ
കള്ളനും പോലീസുമായ് കളിച്ചി-
ട്ടെപ്പോഴും കൊള്ളുന്നു തല്ലുമാത്രം.
തൂങ്ങിക്കിടക്കുന്ന കണ്ണിമാങ്ങ
ഉന്നം പിഴക്കാതെറിഞ്ഞു വീഴ്ത്തി,
കൂട്ടുകാര്‍ പങ്കിട്ടു തിന്നകാലം -
മോര്‍ക്കുകില്‍ നാവിലെ വെള്ളമൂറും .
ശിഖിരത്തിലൂഞ്ഞാലുകെട്ടിയാടി,
ഉയരത്തില്‍ പൊങ്ങുന്ന കാഴ്ച കാണ്മാന്‍
ഒരുപാടു പൈതങ്ങളൊത്തുകൂടി
ഒരു വട്ടമാടുവാന്‍ മത്സരിക്കും.
അതുകണ്ടുതാഴത്തിറങ്ങി വന്നി-
ട്ടവരുടെയൂഴമൊന്നാസ്വദിക്കും.
പൊതിയിട്ട പുസ്തകക്കെട്ടുമായി
കതിരിട്ടപാടവരമ്പിലൂടെ
കലപില കൂട്ടി നടന്നുപോകും
വഴിയില്‍ വെച്ചടിപിടികൂടിനില്‍ക്കും.
മണിയടിച്ചെപ്പൊഴും വൈകിയെത്തും
പതിവായി ചൂരല്‍ കഷായമുണ്ടാം.
തിരികെ വരുമ്പോള്‍ തെളിനീരൊഴുകും
തോട്ടില്‍ കുളിച്ചു നനഞ്ഞു വന്നാല്‍
വീട്ടില്‍വടിയുമായ് നില്‍ക്കുമമ്മ
ചുട്ടടി രണ്ടെണ്ണമേറ്റുവാങ്ങും .
മോന്താന്‍ പഴങ്കഞ്ഞി വെള്ളമുണ്ടാ -
മോടണം പിന്നീടു മീനുവാങ്ങാന്‍ .
മണ്ണെണ്ണക്കുപ്പിവിളക്കു വെച്ചി-
ട്ടിത്തിരി വെട്ടത്തില്‍ പുസ്തകത്താള്‍-
നോക്കിപ്പഠിക്കയാണെന്ന ഭാവം-
തോന്നിച്ചു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും !
വൈകാതെ ചായും വെറും നിലത്തെ-
'ചാണം' മെഴുകിയ മെത്തമേലും
പാഠങ്ങള്‍ ചൊല്ലിപ്പഠിക്കും ശബ്ദം-
കേള്‍ക്കാത്ത നേരം വിളിക്കുമമ്മ
ഞെട്ടിപ്പിടഞെഴുന്നേല്‍ക്കുമപ്പോള്‍
കേള്‍പ്പിക്കും മുമ്പെപഠിച്ചപാഠം.
ഇങ്ങനെ കാലം കഴിഞ്ഞുപോയി
മങ്ങിയ ബോധം തെളിഞ്ഞുവന്നു.
പിന്നിയ കുപ്പായം തുന്നിയിട്ടും
മുന്നെ പഠിച്ചവര്‍ തന്ന ബുക്കും
നന്നായ് മെനക്കിട്ടു ഹൃദ്യമാക്കി-
യോരോ പടികളും കേറിമേലെ !
ഓണം, വിഷുവും കടന്നുവന്നാല്‍
കൈത്തറിക്കുപ്പായമൊന്നുകിട്ടാന്‍
ആശിച്ചുമോഹിച്ചു നിന്നകാലം,
ആനന്ദപൂര്‍ണ്ണമാം നല്ലകാലം !
'കുട്ടിയും കോലും', തലപ്പന്തുമായ്
ആര്‍ത്തുവിളിച്ചു കളിച്ചകാലം
ഞെട്ടറ്റുവീഴും പഴുത്തമാങ്ങ
ഒറ്റക്കു കിട്ടുവാന്‍ മത്സരിക്കും
ഇന്നില്ലിതിന്‍ നാലയലത്തുപോലും
വന്നു കളിക്കുവാന്‍ ബാലകന്മാര്‍.
കൈകോര്‍ത്തു സൊറപറഞ്ഞൊത്തുകൂടും
കല്‍ത്തറയിന്നൊരു ശൂന്യവേദി.
വേണ്ടവര്‍ക്കാര്‍ക്കുമീ സൌഹൃദങ്ങള്‍
കാണാന്‍ പഴഞ്ചനായ് ഗ്രാമഭംഗി.
എല്ലാം തികഞ്ഞിട്ടീ മാഞ്ചുവട്ടില്‍
സായാഹ്നമായ് വെയില്‍ചാഞ്ഞനേരം
കാണാന്‍ കിനാവുകള്‍ വേണ്ടവേറെ-
യുണ്ടെന്‍ ഗതകാല കൌതുകങ്ങള്‍ !
-------------------------------------------------------------
1. ചാണം - ചാണകം
2. ഒറ്റക്കു - തനിച്ച്
3. കുട്ടിയും കോലും , തലപ്പന്ത് - പഴയകാല കളികള്‍