Sunday, May 26, 2013

                  ലളിതഗാനം 

മകരനിലാവിൻ കുളിരിൽ
മകരന്ദം നുനയുന്നു പ്രകൃതി          (മകര)
ദിനമലർ പൊൻദലം പൊഴിയെ
തരളിതമാകും പ്രതീചി
കരിമാൻ മിഴിതൻ കതകു തുറന്നു
കളിമുറ്റത്തമ്പിളി നിന്നു                     (മകര)
അനുദിനം വിടരും കമലം
അനുരാഗം തുടികൊട്ടും നേരം
കുളിർതെന്നൽ മലരമ്പനെവിടെ ? നീ-
ഒളിയമ്പെയ്യുവതാരെ ?                       (മകര)

പനിമതീ മറയരുതിനിയും
ഗഗനത്തിൻ കരൾ പിടയുന്നല്ലോ
ഒരുമോഹം, തളിർചുണ്ടിൽ നുണയാൻ
തരുമോ നീ പാൽകുടമിനിയും         (മകര)


=====================================

Wednesday, May 8, 2013

                       കിനാവ്

ഒത്തിരി മുത്തും പവിഴവുമുണ്ടല്ലോ
കൊർക്കുവാനെൻ മന:ചെപ്പിനുള്ളിൽ
പഞ്ഞിനൂലും പോരാ, വെള്ളിനൂലും പോരാ,
പോന്നുനൂൽ തന്നെയാണെൻ മനസ്സിൽ.
എവിടെയുണ്ടിത്തിരി പോന്നുനൂൽ കോർക്കുവാൻ?
തിരയുന്നു ഞാൻ സദാ എൻ കിനാവിൽ
മദ്ധ്യപുരുഷായുസ്സും കടന്നുപോ-
യെൻ കിനാവള്ളി കരിഞ്ഞു പോയി
ഇന്നു ഞാൻ കാണുന്നു സായാഹ്നസൂര്യൻറെ
പോന്നുനൂൽ മുറ്റത്തു നീട്ടിനിൽപ്പൂ
എത്തിപ്പിടിക്കുവാനാശിച്ചുവെങ്കിലും
സത്യമെനിക്കിന്നു ശേഷിയില്ല.

=============================================

അന്തരങ്ങൾ - കവിത

                           അന്തരങ്ങൾ 



പട്ടിണി  മാറ്റുവാൻ  മൂവന്തി  മല്ലിട്ടു -
പട്ടണം വിട്ടു തിരിച്ചുവരുന്നു ഞാൻ
വീഥി വിളക്കുകൾ മിന്നിതെളിയവെ 
കൂരിരുളെങ്ങോ മറഞ്ഞുപോയ് സത്വരം 
അട്ടഹാസങ്ങളും പൊട്ടിത്തെറികളും 
കേട്ടുതുടങ്ങിയാ ചെറ്റപ്പുരകളിൽ
വേദന തിന്നുവാൻ മാത്രം ജനിച്ചുള്ള 
വീട്ടമ്മമാർ കയർത്തീടുന്നതെന്തിനോ.
പുഞ്ചിരിയില്ലാത്തൊരാക്കൊച്ചു കൂരകൾ 
പട്ടിണിപ്പാടിന്നധിവാസ കേന്ദ്രമാം!
പട്ടണവീഥിയിൽ സൗധങ്ങളിൽ സദാ
മാനുഷർ ആർത്തുല്ലസിക്കുന്നതെപ്പോഴും !
ഉന്മദം ! തുള്ളിടുമാമേടകളിലോ
പൂക്കുന്നു കായ്ക്കുന്നു ജീവിതം മേൽക്കുമേൽ
എന്തൊരു വൈവിദ്ധ്യമെന്തൊരു വൈരുദ്ധ്യ-
മെന്തിദമെന്നു ശമിക്കുമീഭൂതലേ!     

================================================