1960 ലാണ് അഴിക്കോട് ഹൈ സ്കൂളില്‍ നിന്ന് SSLC പാസ്സായത് . അതിനുമുമ്പ് എട്ടാം തരത്തില്‍ നിന്ന് മദ്രാസ് ഗവ: നടത്തിയ E S L C പാസ്സായി .E S L C പ്രൈമറി ടീച്ചേര്‍സ് ട്രെയിനിങ്ങിനു അര്‍ഹത ഉണ്ടായിരുന്നു . SSLCക്ക് പഠിക്കുമ്പോള്‍ മലയാളം വിഷയം പഠിപ്പിച്ചിരുന്നത് നാരായണന്‍ നമ്പൂതിരി എന്ന 'നമ്പൂതിരി മാഷ് ' ആയിരുന്നു. ജി . ശങ്കരക്കുറുപ്പിന്‍റെ " ആരാമത്തില്‍ " എന്ന കവിത പഠിപ്പിക്കുമ്പോള്‍ ഒരു ദിവസം നമ്പൂതിരി മാഷ് ആ കവിതയുടെ വൃത്തത്തില്‍ സ്വന്തമായി കവിത എഴുതി കൊണ്ടുചെല്ലാന്‍ എല്ലാ കുട്ടികളോടും പറഞ്ഞു . പിറ്റേന്ന് ക്ലാസ്സില്‍ ഞാന്‍ മാത്രമായിരുന്നു കവിതയുമായി എത്തിയത് . കവിത ഞാന്‍ വായിച്ചു . സാരാംശം ഇതായിരുന്നു ." സുപ്രഭാതത്തെ ആസ്വദിച്ച കുട്ടി വൈകുന്നേരം വരെ നോക്കിനിന്നു " എന്നായിരുന്നു. എന്നോട് വെറും ഒരു മിനിറ്റ് നേരം സൂര്യനെ നോക്കി നില്‍ക്കാന്‍ കല്പിച്ചു . മറ്റു കുട്ടികള്‍ പൊട്ടിച്ചിരിച്ചു. ഈ സാഹസത്തിന് മുതിരേണ്ട എന്ന് എനിക്ക് തോന്നി. മാഷ് കുട്ടികളെ നോക്കി പറഞ്ഞു . " ഒരു വരി പോലും എഴുതി കൊണ്ടു വരാത്ത നിങ്ങള്‍ ചിരിക്കയല്ല വേണ്ടത് . ഇവന്‍റെ കഴിവിനെ പ്രോത്സാഹിച്ചു കയ്യടിക്കുകയാണ് വേണ്ടത്. ഞാന്‍ സൂര്യനെ നോക്കിനില്‍ക്കാന്‍ പറഞ്ഞത് ഇതിലെ വിഷയം അസംഭാവ്യമയതുകൊണ്ടാണ്. കവിതയുടെ വൃത്തവും പ്രാസവും 100% ശരിയാണ് ". കുട്ടികളെല്ലാം കയ്യടിച്ചു . ഈ സംഭവമാണ് എനിക്ക് കവിതകളെഴുതാന്‍ പ്രചോദനമായത് .
പിന്നീടു കണ്ണൂര്‍ പൊളിടെക്നിക് കോളേജില്‍ നിന്ന് 1964 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് - ല്‍ ഡിപ്ലോമ നേടി . അക്കാലത്തു ചെറുകഥകള്‍ എഴുതിത്തുടങ്ങി. കവിതകളും കഥകളും ചില വാരികകളിലും മാസികകളിലും പ്രസിദ്ധീകൃതമായി . അവയില്‍ നിന്ന് തെരഞ്ഞെടുത്ത ചിലവ തുടര്‍ന്ന് വായിക്കാം.എനിക്ക് നമ്പൂതിരി മാഷെ വീണ്ടും കാണാനിടയായത് 18 വര്‍ഷത്തിനു ശേഷമാണ്. ഞാന്‍ അസി. എഞ്ചിനീയര്‍ ആയി K.S.E.B ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം നമ്പൂതിരി മാഷ് ഓഫീസ്വരാന്തയില്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തെ വിളിപ്പിച്ചു . ഉപവിഷ്ടനായശേഷം അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു . ഞാന്‍ പറഞ്ഞു : " മാഷെ ഞാന്‍ '60 ല്‍ സാറിന്‍റെ വിദ്യാര്‍ഥി ആയിരുന്നു ". പെട്ടെന്ന് സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: " അങ്ങനെ പറ കുറെ നേരമായി ഞാന്‍ പുറത്തു നില്‍ക്കുന്നു . ഭവ്യതയോടെ എന്നെ സ്വീകരിച്ചിരുത്തിയ ഓഫീസര്‍ ആരാണെന്ന് എത്രയായിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. ശിഷ്യന്മാര്‍ എന്നെ ഓര്‍മിക്കുന്നത് എന്‍റെ പുണ്യമാണ്."അദ്ദേഹം വന്നകാര്യം പെട്ടെന്ന് നിര്‍വഹിച്ചു കൊടുത്ത് സന്തോഷപൂര്‍വ്വം പറഞ്ഞയച്ചു.
മറ്റൊരു അദ്ധ്യാപകനെ ഇന്നും ഓര്‍ക്കുന്നു. അന്ന് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ എന്‍റെ വീട്ടിനടുത്തുള്ള അച്യുതന്‍ നായര്‍ ആയിരുന്നു. ഹൈസ്കൂള്‍ വരാന്തയിലൂടെ പാദരക്ഷ ഉരച്ചു ശബ്ദമുണ്ടാക്കി ചൂരലുമായി നടക്കുമ്പോള്‍ സ്കൂള്‍ നിശബ്ദമായിരിക്കും . കര്‍ക്കശക്കാരന്‍ നല്ല ചൂരല്‍ പ്രയോഗവും പ്രതീക്ഷിക്കാം. ഇംഗ്ലീഷ് അദ്ധ്യാപകന്‍ ലീവ് ഉള്ള ദിവസങ്ങളില്‍ ഹെഡ്മാസ്റ്റര്‍ ക്ലാസ്സെടുക്കും . നല്ല അധ്യാപകനായിരുന്നു . വീട്ടിനടുത്തായിരുന്നെങ്കിലും ഒരിക്കലും മുന്നില്‍ പെടാതിരിക്കാന്‍ ശ്രദ്ധിച്ചു . അദ്ദേഹം പെന്‍ഷന്‍ ആയി വീട്ടിലിരുന്നകാലം. ഞാന്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയരായി വളപട്ടണം സെക്ഷനില്‍ ജോലി ചെയ്യുന്നു. അന്ന് അഴീക്കോട് പ്രദേശവും ഈ സെക്ഷന്‍റെ കീഴിലായിരുന്നു.
ഞാന്‍ ഓഫീസില്‍ പൊയ്ക്കൊണ്ടിരുന്നത് Jawa മോട്ടോര്‍ സൈക്കിളില്‍ ആയിരുന്നു. 'ടപ ടപ ' ശബ്ദം ദൂരെ കേള്‍ക്കാം . ഒരു ദിവസം അച്യുതന്‍ നായര്‍ മാസ്റ്റര്‍ തന്‍റെ
വീട്ടു ഗേറ്റിനടുത്ത്, ബൈക്കിന്‍റെ ശബ്ദം കേട്ടശേഷമാവാം നില്‍ക്കുന്നു .എന്നോട് നില്‍ക്കാന്‍ കൈ കാണിച്ചു. ഞാന്‍ ബൈക്ക് നിര്‍ത്തി അടുത്ത് ചെന്നു പണ്ടത്തെ വിദ്യാര്‍ഥിയായി . ഹൃദയമിടിപ്പ് വര്‍ധിച്ചു കൊണ്ടിരുന്നു." എനിക്കൊരു സഹായം ചെയ്തു തരണം , വീട്ടില്‍ വരൂ അവിടുന്ന് കാര്യങ്ങള്‍ പറയാം".
ഞാന്‍ സാറിന്‍റെ പിറകെ ചെന്നു.എന്നോട് ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ മടിച്ചു നിന്നു. അദ്ദേഹം എന്‍റെ ചുമലില്‍ പിടിച്ച് ബലമായി ഇരുത്തി . എന്നിട്ട് പറഞ്ഞു: "ഇപ്പോള്‍ നീ പണ്ടത്തെ വിദ്യാര്‍ഥിയല്ല. ഉദ്യോഗസ്ഥനാണ്, ഞാന്‍ ഇപ്പോള്‍ നിന്‍റെ മുമ്പില്‍ സാധാരണക്കാരനാണ് ."
അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടു ഞാന്‍ അത്ഭുതപ്പെട്ടു. കുറെ വര്‍ഷം അധ്യാപകരെയും വിദ്യാര്‍ഥികളെയും വിറപ്പിച്ച ഹെഡ്മാസ്റ്റര്‍ തന്നെയോ എന്ന് സംശയിച്ചു. അദ്ദേഹത്തിനൊരു വൈദ്യുതി കണക്ഷന്‍ വേണമായിരുന്നു. അതിനുള്ള ഫോറങ്ങള്‍ എന്‍റെ മുമ്പില്‍ വെച്ച് പറഞ്ഞു: "എനിക്ക് ഓഫീസില്‍ വന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല .എവിടെയൊക്കെയാണെന്ന് കാണിച്ചു തന്നാല്‍ ഞാന്‍ ഒപ്പിട്ടു തരാം. പണം അടക്കാനും മറ്റും വേറൊരാളെ പറഞ്ഞു വിടാം. നീ സഹായിക്കണം ". ഒരു സ്വപ്നത്തിലെന്ന പോലെ സമ്മതിച്ചു തലയാട്ടി - പേപ്പറുകള്‍ ഞാന്‍ തന്നെ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു. "മാതാ പിതാ ഗുരുര്‍ ദൈവം " എത്ര അര്‍ത്ഥവത്തായ ആപ്തവാക്ക്യം .
നന്നായിട്ടുണ്ട് വീണ്ടും തുടര്‍ന്ന് എഴുതുക പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
ReplyDeleteഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ
നല്ല ഓര്‍മ്മയാണല്ലോ അങ്കിളിനു.വീണ്ടും എഴുതുമല്ലോ .
ReplyDeleteപിന്നെ എന്നെ കണ്ട ഓര്‍മ്മയുണ്ടോ. പ്രിയന്‍റെ കൂട്ടുകാരനാണ്.മൂന്ന് വര്‍ഷം മുന്‍പ് ഞാന്‍ അവിടെ വന്നിരുന്നു.